വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം

നാടിൻറെ പെരുമയും വിശുദ്ധിയും ഉയർത്തിക്കൊണ്ട് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി ദേശത്താണ് വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സ്ഥിതി കൊള്ളുന്നത്. ശിവ ഭഗവാന്റെയും കൂളിവാകയായി വേഷം ധരിച്ച പാർവതി ദേവിയുടെയും ദൈവിക പുത്രനായ ശ്രീ വിഷ്ണുമായ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കരിങ്കുട്ടി, മുത്തപ്പൻ, വടക്കുംപുറം ഭഗവതി (ഭദ്രകാളി), കൂളിവാക ദേവി, നാഗരാജാവ്, നാഗയക്ഷി, കരിനാഗം, മണിനാഗം, ബ്രഹ്മരക്ഷസ്സ്, ഭുവനേശ്വരി ദേവി തുടങ്ങിയ ദേവതകളാണ് മറ്റു പ്രതിഷ്ഠകൾ.

വടക്കുംപുറം ശ്രീ വിഷ്ണുമായ തന്റെ ഭക്തജനങ്ങൾക്ക് ജീവിതപ്രശ്നങ്ങളിൽ നിന്നും അഭയം നൽകുക മാത്രമല്ല അവർ ആഗ്രഹിക്കുന്ന സർവ്വ സൗഭാഗ്യങ്ങളെല്ലാമേകി അനുഗ്രഹിക്കുകയും ചെയ്യുന്നു. ജാതി മത ഭേദാതികളില്ലാതെ ഏതൊരാളെയും ഒന്നുപോലെയാണ് ക്ഷേത്രം സ്വീകരിക്കുന്നത്. വിശ്വാസികളുടെ അനുഭവങ്ങളറിഞ്ഞ് നിരവധി ഭക്തരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിൽ എത്തുന്നത്. ഭക്തരുടെ ആത്മീയവും ലൗകികവുമായ സംഘർഷങ്ങളിൽ നിന്നും മുക്തിയേകിക്കൊണ്ട് ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്.

ശിവ ഭഗവാന്റെയും പാർവ്വതി ദേവിയുടെയും ദൈവിക പുത്രനായ ശ്രീ വിഷ്ണുമായ സ്വാമി സ്വർഗത്തിൽ വസിക്കാമെന്നിരിക്കെ ഇഹലോകത്തിൽ സാധാരണക്കാരായ മനുഷ്യരോടൊപ്പം വസിക്കാൻ സ്വയം തിരഞ്ഞെടുത്തതായാണ് ഐതിഹ്യം സാക്ഷ്യമാക്കുന്നത്. അക്കാരണത്താലാകണം സാധാരണക്കാരായ മനുഷ്യരുടെ കഷ്ടതകളും ദുഖവും നിറഞ്ഞ ലോകത്തെ പറ്റി ആഴത്തിൽ അറിവുള്ള ദേവതയായി ഭക്തർ ശ്രീ വിഷ്ണുമായ സ്വാമിയെ കരുതുന്നത്. ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്ന ഏതൊരാൾക്കും സ്വാമിയുടെ അളവറ്റ സ്നേഹവും സഹതാപവും തൊട്ടറിയാനാകും! ഭാരിച്ച വേദനകളുമായി വരുന്നവർ ക്ഷേത്രത്തിൽ നിന്നും മടങ്ങുക പ്രതീക്ഷ നൽകുന്ന ലാഘവത്വത്തോടു കൂടിയായിരിക്കും. ത്രിപ്തമല്ലാത്ത ദാമ്പത്യം, വ്യാപാരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന തകർച്ച, കുട്ടികളില്ലാത്തതിന്റെ ദുഃഖം, ഏറെ ശ്രമങ്ങൾക്കപ്പുറവും ലഭിക്കാതിരിക്കുന്ന തൊഴിൽ, ഗ്രഹപ്പിഴയോ മറ്റ് അദൃശ്യ ശക്തികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളോ തുടങ്ങി പ്രശ്നങ്ങൾ ഏതു തന്നെ ആയാലും വിശ്വാസം ഉണ്ടെങ്കിൽ ഇവിടെ പരിഹാരവും ഉണ്ട്.

ശ്രീ വിഷ്ണുമായ സ്വാമിയുടെ ആത്മീയ ലോകത്തിൽ ജാതിക്കോ മതത്തിനോ സ്ഥാനമില്ല. വടക്കുംപുറം ദേവസ്ഥാനത്തിൽ ഇന്നോളം പിന്തുടർന്ന് വരുന്ന പാത പരമ ഭക്തിയുടെയും സമ്പൂർണ്ണമായ സമർപ്പണത്തിന്റേതുമാണ്. പരമമായ ഭക്തിയുടെ നിമിഷങ്ങളിൽ ദൈവവും ഭക്തനും രണ്ടല്ലാതാകുന്നു. നമ്മിലെല്ലാം വർത്തിക്കുന്നത് ഒരേ ശക്തിയാണെന്ന ദർശനത്തിൽ എത്തുന്നു.

ദുരിതശാന്തിക്കായി വന്നിരിക്കുന്നവരുടെ ജാതിയോ മതമോ പോലുള്ള സമൂഹത്തിന്റെ അളവുകോലുകൾ ഇവിടെ ഒരിക്കലും പ്രധാനമല്ല. വിശ്വാസം മാത്രമാണ് പ്രധാനം. ഇനിയും സഫലീകരിക്കാത്ത അനേകം സ്വപ്നങ്ങൾ നമുക്കെല്ലാമുണ്ട്. ആഗ്രഹിക്കുന്നത് പോലെയൊരു വിവാഹം, സന്തുഷ്ടമായ കുടുംബജീവിതം, സന്താനഭാഗ്യം, വർഷങ്ങളോളമുള്ള കുടുംബവഴക്ക് അവസാനിപ്പിക്കൽ, ദാരിദ്ര്യത്തിൽ നിന്നും മുക്തി, വ്യാപാരത്തിലും വിദ്യാഭ്യാസത്തിലും വിജയം നേടുക, ഗ്രഹപ്പിഴ മൂലമോ മറ്റ് നീചശക്തികൾ കാരണമോ ഉണ്ടാകുന്ന ക്ലേശങ്ങളിൽ നിന്നും മുക്തി അങ്ങനെ പല സ്വപ്നങ്ങളും. നടനത്തിലുള്ള ശ്രീ വിഷ്ണുമായ സ്വാമിയുടെ രൂപം ദർശിക്കുന്നതോടെ നിങ്ങളിൽ അനുഗ്രഹവും ശക്തിയും ചൊരിയപ്പെടും. നിങ്ങളുടെ സ്വപ്നങ്ങൾ സഫലീകരിക്കാനുള്ള ശക്തി നിങ്ങളിൽ നിറയും!